Thursday, October 21, 2010

ആത്മഗതത്തിനുമപ്പുറത്തേക്ക് നീളുന്ന പത്രപ്രവർത്തനം

ബി.ആർ.പി.ഭാസ്കർ
CounterMedia

മലയാള മനോരമ പ്രഖ്യാപിച്ചു: “പിണറായിയെ കണ്ടു; അനന്തരം വി.എസ് തിരുത്തി“. വി.എസ്. ആലുവായിലായിരുന്നു. പിണറായി വിജയൻ മറ്റെവിടെയൊ. റിപ്പോർട്ട് നൽകിയ സുജിത് നായർ തിരുവനന്തപുരത്തും.

ലോട്ടറി കാര്യത്തിൽ സർക്കാരിനു പിഴവ് പറ്റിയെന്നും എന്നാൽ ഉത്തരവാദിത്തം ഉദ്യോഗസ്ഥന്മാരുടെ തലയിൽ വയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ തിങ്കളാഴ്ച കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ധനമന്ത്രി തോമസ് ഐസക്ക് മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചില്ല. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിരിക്കാനിടയില്ലെന്നും മാധ്യമങ്ങൾ വ്യാഖ്യാനിച്ചതാവുമെന്നും ചൊവ്വാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ കാഞ്ഞങ്ങാട്ട് പറഞ്ഞു. അതിനോടുള്ള പ്രതികരണം അറിയാൻ ഒരു ചാനൽ പ്രതിനിധി ആലുവാ കൊട്ടാരത്തിലായിരുന്ന മുഖ്യമന്ത്രിയെ ചെന്നു കണ്ടു. “ലോട്ടറി പ്രശ്നത്തിൽ സർക്കാരിനോ ധനമന്ത്രിക്കോ വീഴ്ച പറ്റിയിട്ടില്ല,“ മുഖ്യമന്ത്രി പറഞ്ഞു. “എന്റെ പ്രസ്താവന ചില സാഹചര്യത്തിൽ തെറ്റിദ്ധരിക്കപ്പെട്ടു. വാർത്താസമ്മേളനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.“

മുഖ്യമന്ത്രിയുടെ പ്രസ്താവന തിരുത്തിയ സാഹചര്യം അന്നു തന്നെ മനോരമ വിശദീകരിച്ചു: “പാർട്ടി ഉടക്കി; മുഖ്യമന്ത്രി ലോട്ടറി വിഴുങ്ങി“.ആദ്യ പ്രസ്താവന സി.പി.എമ്മിനെ വീണ്ടും വിഭാഗീയതയുടെ നിഴലിലാക്കിയിരുന്നെന്നും അത് പോളിറ്റ്ബ്യൂറോയിലേക്ക് മടങ്ങാനുള്ള അദ്ദേഹത്തിന്റെ പരിശ്രമത്തെ പിന്നോട്ടടിക്കുമെന്ന് വിലയിരുത്തപ്പെട്ടെന്നും തിരുവനന്തപുരം ലേഖകൻ എഴുതി. തിങ്കളാഴ്ച കൊച്ചിയിലും ചൊവ്വാഴ്ച ആലുവായിലും മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകളിലെ വൈരുദ്ധ്യം എടുത്തുകാട്ടാൻ രണ്ടിൽ നിന്നുമുള്ള വാചകങ്ങൾ പത്രം അടുത്തടുത്തുള്ള പംക്തികളിൽ കൊടുത്തു.

അതിനുശേഷമാണ് കൂടുതൽ വിശദീകരണമടങ്ങുന്ന സുജിത് നായരുടെ റിപ്പോർട്ട് വന്നത്. ടെലിവിഷന്റെയും ഇന്റർനെറ്റിന്റെയും കാലത്ത് എവിടെയിരുന്നും എവിടെ നടക്കുന്ന കാര്യവും റിപ്പോർട്ട് ചെയ്യാനാവും. തിരുവനന്തപുരത്തിരുന്നുകൊണ്ട് കാഞ്ഞങ്ങാട്ടും ആലുവായിലും മാത്രമല്ല തിമ്പുവിലും ടിംബക്ടുവിലും നടക്കുന്ന കാര്യങ്ങളും റിപ്പോർട്ട് ചെയ്യാം. പക്ഷെ ടിവിയിലും കമ്പ്യൂട്ടറിലും കാണാനാകാത്ത കാര്യങ്ങളും ലേഖകൻ കണ്ടെത്തി. ഉദാഹരണത്തിന് തിരുത്തൽ പ്രസ്താവന റിക്കോർഡ് ചെയ്യാൻ ചാനൽ പ്രതിനിധികൾ വരുന്നതുവരെ ആലുവാ കൊട്ടാരത്തിൽ വി.എസ് എന്തു ചെയ്യുകയായിരുന്നെന്ന് അദ്ദേഹം കണ്ടെത്തി. വി.എസ് തന്റെ വിവാദ പ്രസ്താവന നിഷേധിച്ചുകൊണ്ടുള്ള പിണറായിയുടെ വാർത്താസമ്മേളനത്തിന്റെ പ്രസക്തഭാഗങ്ങൾ കാണുകയായിരുന്നു.

മുഖ്യമന്ത്രി അപ്പോൾ നടത്തിയ ആത്മഗതവും ലേഖകന് കേൾക്കാനായി: അത് “താനും അങ്ങനെ ഒന്നും ഉദ്ദേശിച്ചിരുന്നില്ലെന്ന മട്ടിൽ” ആയിരുന്നു.

പിണറായിയെ (ആലുവായിലിരുന്നു ടിവിയിൽ) കണ്ടു, അനന്തരം വി.എസ്. തിരുത്തിയെന്നാണ് തലക്കെട്ട് പറയുന്നത്. എന്നാൽ തിരുത്താനുള്ള തീരുമാനം അതിനുമുമ്പെ എടുത്തിരുന്നെന്നാണ് ലേഖകൻ എഴുതിയത്. “തിരുത്തണമെന്ന് ആലുവായിൽ വെച്ചല്ല പാലക്കാട്ടു (വെച്ചു) തന്നെ വി.എസ് തീരുമാനിച്ചിരുന്നു. അല്ലെങ്കിൽ ആ നിർദ്ദേശം മുഖ്യമന്തിക്ക് ലഭിച്ചിരുന്നു.”

തിരുത്തൽ തീരുമാനം മുഖ്യമന്ത്രി സ്വയം എടുക്കുകയായിരുന്നോ മറ്റാരുടെയെങ്കിലും പ്രേരണയിൽ എടുക്കുകയായിരുന്നോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ടെങ്കിലും പാലക്കാട്ട് വെച്ച് എടുത്ത തീരുമാനം നടപ്പിലാക്കാൻ വൈകിയതെന്തുകൊണ്ടാണെന്ന് കൃത്യമായി പറയാൻ ലേഖകനായി. “കനത്ത മഴയും തിരക്കും മൂലം പാലക്കാട്ട് പൊതുവായ വിശദീകരണത്തിന് സമയം ലഭിച്ചില്ല.”

ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ലേഖകനോട് പാലക്കാട്ട് വെച്ചു തന്നെ മുഖ്യമന്ത്രി തിരുത്തിപ്പറഞ്ഞിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ എന്തായിരുന്നെന്ന് കണ്ടെത്താനും ലേഖകൻ ഒരു ശ്രമം നടത്തി. പക്ഷെ പൂർണ്ണമായി വിജയിച്ചില്ല. “കേന്ദ്ര നേതൃത്വം തന്റെ തിരുത്തൽ ഇംഗ്ലീഷിൽത്തന്നെ വായിച്ചുകൊള്ളട്ടെയെന്ന് മുഖ്യമന്ത്രി കരുതിക്കാണണം“ എന്നു പറയാനെ അദ്ദേഹത്തിനായുള്ളു.