Tuesday, September 21, 2010

കസ്റ്റഡിമരണക്കേസ് പ്രതികൾക്കായി എഴുതി…എഴുതി…

ബി.ആർ.പി. ഭാസ്കർ

ഏതൊരു സമൂഹത്തിലും മനുഷ്യാവകാശ സംരക്ഷണത്തിന്റെ ഒന്നാം നിര പൊലീസ് ആണ്. ജീവനും സ്വത്തിനും സംരക്ഷണം നൽകി സമാധാനപരമായ ജനജീവിതം സാധ്യമാക്കാനായി ഉണ്ടാക്കിയിട്ടുള്ള സംവിധാനമാണത്. നികുതിപ്പണമാണ് അതിനെ നിലനിർത്തുന്നത്. ജനങ്ങളുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള കടമ തങ്ങൾക്കുണ്ടെന്ന് മാധ്യമങ്ങൾ പൊതുവിൽ വിശ്വസിക്കുന്നു. ആ കടമ ആരും അവരെ ഏല്പിച്ചതല്ല. അവർ സ്വയം ഏറ്റെടുത്തതാണ്. തങ്ങളുടെ താല്പര്യങ്ങൾക്ക് ഹാനികരമല്ലാത്തിടത്തോളം ജനങ്ങളുടെ അവകാശങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ അവർ തയ്യാറുമാണ്. അവബോധം കുറവായതുകൊണ്ട് മനുഷ്യാവകാശ ലംഘനം നടത്തുകയൊ അതിന് കൂട്ടുനിൽക്കുയൊ ചെയ്യുന്നവർ രണ്ട് സംവിധാനങ്ങളിലുമുണ്ട്. ഇന്ന് കേരള കൌമുദി ദിനപത്രം ഒന്നാം പേജിന്റെ മുകളിൽ “കസ്റ്റഡിമരണക്കേസിൽ വാദിച്ച്… വാദിച്ച് …” എന്ന തലക്കെട്ടിൽ കൊടുത്തിട്ടുള്ള ‘സ്പെഷ്യൽ‘ ഈ വസ്തുത ഓർമ്മപ്പെടുത്തുന്നു.

കേസ് നടത്തി പലരും കുത്തുപാളയെടുത്തപ്പോൾ പാലക്കാട്ട് പൊലീസ് കസ്റ്റഡിയിൽ മരിച്ച സമ്പത്തിന്റെ സഹോദരനും കസ്റ്റഡിമരണക്കേസിലെ ‘മുഖ്യവാദി‘യുമായ മുരുകേശൻ മെച്ചപ്പെട്ടതല്ലാതെ അല്പവും ക്ഷീണിച്ചിട്ടില്ലെന്ന് ലേഖകൻ എം.വി.ഹരീന്ദ്രനാഥ് എഴുതുന്നു. മുടി വളർത്താനും തടി കുറയ്ക്കാനുമുള്ള മരുന്നുകളുടെ പരസ്യങ്ങളിലെന്ന പോലെ കഥാനായകന്റെ രണ്ട് പടവുമുണ്ട് വാർത്തയ്ക്കൊപ്പം. ഒന്ന് കേസിനു മുമ്പ് എടുത്തത്. മറ്റേത് സുപ്രീം കോടതിവരെ കേസ് നടത്തിയ ശേഷം എടുത്തത്. ‘ശേഷം’ പടത്തിൽ മുരുകേശന്റെ നെറ്റിയിൽ ഒരു വലിയ ചന്ദന പൊട്ടുണ്ട്. ‘മുൻ’ ചിത്രത്തിൽ അതില്ല. അതിനപ്പുറം മുരുകേശൻ മെച്ചപ്പെട്ടെന്ന് സൂചിപ്പിക്കുന്ന ഒന്നും ‘പിൻ‘ ചിത്രത്തിലില്ല.

പറയത്തക്ക ജോലിയൊന്നുമില്ലാത്ത മുരുകേശൻ കസ്റ്റഡി മരണക്കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിവരെ പോവുകയും അവിടെ വാദിക്കാൻ ഭാരിച്ച ഫീസ് വാങ്ങുന്ന അഭിഭാഷകരെ വെയ്ക്കുകയും ചെയ്തു. കേസ് നടത്താൻ ലക്ഷങ്ങൾ ചെലവിട്ടത് മദ്യമാഫിയ ആണെന്ന് ആരോപണം നിലനിക്കുന്നതായി ലേഖകൻ എഴുതുന്നു. ഇത് അദ്ദേഹം അന്വേഷിച്ചു കണ്ടെത്തിയതല്ല. ഇങ്ങനെയൊരു ആരോപണമുണ്ടെന്നും അത് അന്വേഷിക്കുമെന്നും ആഭ്യന്തര മന്ത്രി ഏതാനും ദിവസം മുമ്പ് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. മലപ്പുറം മദ്യദുരന്തത്തിന്റെ പേരിൽ സർക്കാർ പഴി കേട്ടുകൊണ്ടിരുന്നപ്പോൾ ജനശ്രദ്ധ തിരിച്ചുവിടാനായിരുന്നു അദ്ദേഹം കസ്റ്റഡി മരണക്കേസ് പരാമർശിച്ചത്.

ആരോപണം ശരിയാണെന്ന് തെളിയിക്കാനുള്ള വകയൊന്നും ലേഖകൻ കണ്ടെത്തിയിട്ടില്ല. തലശ്ശേരിയിലെ ഒരു മനുഷ്യാവകാശ പ്രവർത്തകനാണ് എല്ലാ സഹായവും നൽകിയതെന്ന് ആദ്യം അവകാശപ്പെട്ട മുരുകേശൻ പിന്നീട് മനുഷ്യാവകാശ പ്രവർത്തകൻ ഉപദേശം നൽകിയതേയുള്ളെന്ന് തിരുത്തി. മദ്യമാഫിയയിൽ നിന്ന് താൻ പണം വാങ്ങിയിട്ടില്ലെന്ന് മുരുകേശൻ പറഞ്ഞതായും റിപ്പോർട്ടിലുണ്ടെങ്കിലും അത് സംശയം ദൃഢപ്പെടുത്തുന്നതിൽ വിജയിച്ചിട്ടുണ്ട്.

മാർച്ച് 30നാണ് ഷീല വധക്കേസിലെ ഒന്നാം പ്രതിയായ സന്തോഷ് കൊല്ലപ്പെട്ടത്. ജില്ലാ പൊലീസ് സൂപ്രണ്ട് ഉടൻ അന്വേഷണം തുടങ്ങി. മുകളിൽ നിന്ന് ഉത്തരവ് ലഭിച്ചതനുസരിച്ച് അടുത്ത ദിവസം അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് മേയ് 13ന് രണ്ട് എസ്.ഐ.മാർ ഉൾപ്പെടെ 12 പൊലീസുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. തങ്ങൾ കുടുങ്ങാനുള്ള സാധ്യത മനസ്സിലാക്കിയ ചില പൊലീസുകാർ സന്തോഷിനെ പൊലീസ് സ്റ്റേഷനിലേക്കല്ല കൊണ്ടുവന്നതെന്ന് വെളിപ്പെടുത്തിയതോടെ ഔദ്യോഗിക പൊലീസ് ഭാഷ്യം പൊളിഞ്ഞു. സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നെന്ന ആരോപണവും ഉണ്ടായി. ആ ഘട്ടത്തിലാണ് മുരുകേശൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി കേട്ട ജഡ്ജി മേയ് 25ന് കേസ് സി.ബി.ഐ.ക്ക് കൈമാറാൻ ഉത്തരവിട്ടു. ആദ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ചും പിന്നീട് സുപ്രീം കോടതിയും ആ വിധി ശരിവെച്ചു.

സംസ്ഥാന സർക്കാരാണ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന പൊലീസുകാരെ സംരക്ഷിക്കാൻ അപ്പീലുമായി സർവോന്നത കോടതി വരെ പോയത്. പറയത്തക്ക ജോലിയൊന്നുമില്ലാത്ത മുരുകേശൻ ഭാരിച്ച ഫീസ് വാങ്ങുന്ന അഭിഭാഷകരെ വെച്ച് വാദിച്ചിരുന്നില്ലെങ്കിൽ ഒരുപക്ഷെ നികുതിദായകന്റെ പണം കൊണ്ട് കേസ് നടത്തുന്ന സർക്കാരിന് പരാജയം ഏറ്റുവാങ്ങേണ്ടിവരുമായിരുന്നില്ല. സർക്കാർ അങ്ങനെ ആഗ്രഹിക്കുന്നതിൽ തെറ്റില്ല. ഒരു മാധ്യമമൊ മാധ്യമ പ്രവർത്തകനൊ ആ ആഗ്രഹം പങ്കു വെയ്ക്കണോ?

സുപ്രീം കോടതിവരെ കേസുമായി പോകുന്നത് വലിയ ചെലവുള്ള കാര്യമാണ്. അതിനുള്ള പണം കണ്ടെത്താൻ കഴിയുന്നവർക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അഭയ കേസിന് പുതുജീവൻ നൽകിയ ജോമോൻ പുത്തൻ‌പുരയ്ക്കലിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാൻ ഒരു ഹൈക്കോടതി ജഡ്ജി പൊലീസിനോട് ആവശ്യപ്പെടുകയുണ്ടായി. കേസിന്റെ പിന്നാലെ പൊകാൻ ജോമോനും ജോമോനെ സഹായിക്കാൻ കുറെ നല്ല മനുഷ്യരും ഇല്ലായിരുന്നെങ്കിൽ മറുഭാഗത്തുള്ള ദൃശ്യരും അദൃശ്യരുമായവർക്ക് കേസ് എന്നെന്നേക്കുമായി എഴുതിത്തള്ളാൻ കഴിയുമായിരുന്നു.

ഇത്തരം സാഹചര്യങ്ങളിൽ സഹാഉഅ ഹസ്തവുമായി എത്തുന്നവരെല്ലാം നല്ല മനുഷർ ആകണമെന്നില്ല. വൈരാഗ്യം തീർക്കാൻ സഹായം നൽകുന്നവർ തീർച്ചയായുമുണ്ടാകും. അന്വേഷണാത്മക പത്രപ്രവർത്തകർക്ക് വിവരം നൽകുന്നത് പലപ്പോഴും അത്തരത്തിലുള്ള ആളുകളാണ്. ബോഫോഴ്സ് കോഴ സംബന്ദിച്ച രേഖകൾ കൊടുത്ത് പത്രക്കാരെ സഹായിച്ചത് തോക്കിന് ഓർഡർ കിട്ടാഞ്ഞതിന്റെ പരിഭവം ഉണ്ടായിരുന്ന ഫ്രഞ്ച് കമ്പനിയായിരുന്നെന്നത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്.

മന്ത്രി സൂചിപ്പിച്ചതുപോലെ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടസമായ ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഒതുക്കാനായി മദ്യവ്യവസായികൾ മുരുകേശനെ സഹായിച്ചിരിക്കാം. പക്ഷെ കസ്റ്റഡി മരണക്കേസിൽ അടങ്ങിയിരിക്കുന്ന പ്രശ്നം മുരുകേശന് ഡൽഹിയിൽ പോയി കേസ് നടത്താൻ കാശ് കൊടുത്തത് ആരാണെന്നതല്ല, പ്രതി മരിച്ചത് പീഡനത്തിന്റെ ഫലമായാണോ ആണെങ്കിൽ അതിന് ഉത്തരവാദികൾ ആരൊക്കെയാണ് എന്നതാണ്. ലേഖകൻ അത് കാണുന്നില്ലെന്ന് മാത്രമല്ല പൊലീസുകാരുടെ കുറ്റം ലഘൂകരിക്കാൻ ബോധപൂർവം ശ്രമിക്കുകയും ചെയ്യുന്നു. മുഖ്യപ്രതിയുടെ കസ്റ്റഡി മരണത്തെ നിരപരാധിയായ വീട്ടമ്മയെ കൊന്നതിലും വലിയ പാതകമായി ചിത്രീകരിക്കാൻ ശ്രമമുണ്ടായതായും അതിന് ചില മാധ്യമങ്ങൾ സഹായിച്ചതായും അദ്ദേഹം എഴുതുന്നു. യൂണിഫോമിട്ട പൊലീസുകാർ പ്രതിയെ പൊലീസ് സ്റ്റേഷനിലൊ ഏതെങ്കിലും രഹസ്യകേന്രത്തിലൊ കൊണ്ടുപോയി തല്ലിക്കൊല്ലുന്നത് എങ്ങനെയാണ് മോഷ്ടാവ് നടത്തുന്ന കൊലപാതകത്തേക്കാൾ ചെറുതാകുന്നത്?

ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരൻ ക്രിമിനൽ സ്വഭാവമുള്ള സാധാരണ മനുഷ്യനേക്കാൾ അപകടകാരിയാണ്. കാരണം അവൻ ഒരു സംരക്ഷിത വലയത്തിൽ നിന്നുകൊണ്ടാണ് അക്രമം നടത്തുന്നത്. ഇത്തരക്കാരെ സംരക്ഷിക്കാൻ മേലാളർ ഏതറ്റം വരെയും പോകാൻ തയ്യാറാണെന്നതിന് തെളിവാണ് ഈ കേസ് സി.ബി.ഐ ക്ക് കൈമാറുന്നത് തടയാൻ സർക്കാർ നടത്തിയ നിയമയുദ്ധം. അഞ്ചു കൊല്ലം മുമ്പ് തിരുവനതപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിൽ മരിച്ച ഉദയകുമാറിന്റെ കൊലയ്ക്കുത്തരവാദികളായവർക്കെതിരായ കേസ് ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്.

No comments:

Post a Comment