Sunday, September 26, 2010

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള: ജ്വലിക്കുന്ന സ്മരണകൾ

മേരി ലില്ലി

സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെ നാടുകടത്തിയതിന്റെ നൂറു വർഷം ഇന്ന് (സെപ്തംബർ 26ന്) തികയുകയാണ്. തിരുവിതാംകൂർ രാജഭരണത്തിനു കീഴിലെ രാഷ്ട്രീയ ഉപജാപങ്ങൾക്കെതിരെ നിലകൊള്ളാൻ വക്കം മൌലവി തുടങ്ങിയ സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ മുഖപ്രസംഗം ഞങ്ങൾക്കുണ്ടാകുന്ന വല്ല ആപത്തുകളെയും ഭയന്നു പൊതുജന സങ്കടങ്ങളെ ഞങ്ങൾ മറച്ചു വെക്കുന്നതല്ല നിശ്ചയം എന്നായിരുന്നു. ഭയകൌടില്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ എന്ന മുന്നറിയിപ്പോടെ പുറത്തിറങ്ങിയ സ്വദേശാഭിമാനിയുടെ ആദ്യത്തെ പത്രാധിപർ സി.പി. ഗോവിന്ദപിള്ള ആയിരുന്നു. ഇംഗ്ലണ്ടിൽ നിന്നാണ് സ്വദേശാഭിമാനിക്കായി പ്രസ്‌ ഇറക്കുമതി ചെയ്തത്‌. ഇംഗ്ലണ്ടിലെ അന്താരാഷ്ട്ര വാർത്താവിതരണ ഏജൻസിയായ റോയിട്ടറുമായി വാർത്താ ബന്ധം സ്ഥാപിക്കുന്ന ആദ്യത്തെ മലയാള പത്രമായിരുന്നു സ്വദേശാഭിമാനി. ഒരു വർഷത്തെ സേവനത്തിനു ശേഷം സി.പി. ഗോവിന്ദപിള്ള ആര്യഭൂഷണം പത്രത്തിന്റെ പത്രാധിപരായി പോയപ്പോൾ സ്വദേശാഭിമാനി നവീനവും സ്വതന്ത്രവുമായ രീതിയിൽ ഒന്ന് പരിഷ്ക്കരിക്കാൻ മൌലവി തീരുമാനിച്ചു. അതിനു യോജിച്ച ഒരു പത്രാധിപരെ തേടിയുള്ള അന്വേഷണം അവസാനിച്ചത്‌ കെ. രാമകൃഷ്ണപിള്ളയിൽ ആയിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യം ഒരു പത്രത്തിന്റെ ജന്മാവകാശമാണെന്ന തത്വവും അതുപോലെ പത്രാധിപരും സ്വതന്ത്രനായിരിക്കണമെന്ന വിശ്വാസവും രാമകൃഷ്ണപിള്ള മുറുകെ പിടിച്ചിരുന്നു. ഒരു പത്രാധിപരുടെ ലക്ഷ്യം നാടിന്റെ നന്മയായിരിക്കണമെന്നും അതു നിർവഹിക്കുന്നതിലുള്ള സ്വാതന്ത്ര്യം എപ്പോൾ ഹനിക്കപ്പെടുന്നോ ആ നിമിഷം ജോലിയിൽ നിന്നും പിന്മാറുന്നതാണ് യുക്തമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം. രാമകൃഷ്ണപിള്ള തിരുവിതാംകൂറിലെ പത്രമേഖലയിലേക്ക് കടക്കുമ്പോൾ രാജാധികാരത്തിന്‌ വിധേയമായ പത്രപ്രവർത്തനമേ അവിടെ നടന്നിരുന്നുള്ളൂ. സ്വതന്ത്രമായ പത്രപ്രവർത്തനത്തിന് പരിമിതികളുണ്ടായിരുന്നു. പക്ഷെ സത്യം, ധർമ്മം, ഭയരാഹിത്യം എന്നിവയിൽ അടിയുറപ്പിച്ചു അടങ്ങാത്ത സ്വാതന്ത്ര്യബോധത്തോടെ ജനക്ഷേമം ലക്ഷ്യമാക്കി സ്വദേശാഭിമാനി ഉറച്ചു നിന്നു. സേവക പ്രഭാവത്തിൽ അഴിമതിയുടെ നിഴൽ വീണ തിരുവിതാംകൂർ രാജഭരണത്തെ സ്വദേശാഭിമാനി നിശിതമായി വിമർശിച്ചു. അതേറെയും ചെന്നു കൊണ്ടത് മഹാരാജാവിന്റെ വിശ്വസ്ത സേവകനായ ശങ്കരൻ തമ്പിയിലായിരുന്നു. മഹാരാജാവിന്റെ ഭരണപരമായ പാളിച്ചകളും വ്യക്തിപരമായ അപാകതകളും ചൂണ്ടിക്കാണിക്കാനും രാമകൃഷ്ണപിള്ള ഭയന്നില്ല. രാജഭരണത്തിൽ ജനങ്ങൾ പ്രജകൾ മാത്രമായിരുന്ന ഈ കാലഘട്ടത്തിൽ പൌരസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്വദേശാഭിമാനിയുടെ ലേഖനങ്ങൾ പൊളിറ്റിക്കൽ ഡമൊക്രസിയിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പായിരുന്നു.

രാമകൃഷ്ണപിള്ളക്ക് മുമ്പുള്ള രാഷ്ട്രീയ പ്രക്ഷോഭകരിൽ വൈകുണ്ഠ സ്വാമി ഒഴികെ ബാക്കിയെല്ലാവരും രാജാവിന്റെ മഹത്വത്തെ വാഴ്ത്തുകയാണ് ചെയ്തത്‌. സാമൂഹികവിപ്ലവത്തിന്റെ വിത്ത് പത്രത്താളുകളിലൂടെ വാരി വിതറി ജനങ്ങളുടെ ആകാംക്ഷ വർദ്ധിപ്പിക്കുകയും രാജസിംഹാസനത്തെ വിറപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ശങ്കരൻ തമ്പി മദ്രാസിലേക്ക് പോകുന്ന കാര്യം രാമകൃഷ്ണപിള്ള അറിയുന്നത്. തമ്പിയെ മദ്രാസ്‌ ഗവണ്മെന്റ് വിചാരണ ചെയ്യാൻ പോവുകയാണെന്നും തമ്പിയെ താമസിപ്പിക്കുന്നതിനു കുറ്റാലത്തു ബംഗ്ലാവ് തയ്യാറാക്കിയിരിക്കുന്നുവെന്നും ഒരു വാർത്ത എങ്ങനെയോ പരന്നു. ശങ്കരൻ തമ്പിയുടെ ദുർനടപടികളെയും അധികാരപ്രമത്തതയും സൂചിപ്പിച്ചു ശങ്കരൻ തമ്പിയെ നാടുകടത്തേണ്ടാതാണെന്നു മദ്രാസ്‌ ഗവണ്മെന്റിനെ ഉദ്‌ബോധിപ്പിക്കുന്ന ഒരു മുഖപ്രസംഗം സ്വദേശാഭിമാനിയിൽ വന്നു. രാജനന്മക്ക് വേണ്ടി ശങ്കരൻ തമ്പിയെ നാടുകടത്തരുതോ എന്നു സ്വദേശാഭിമാനിയിൽ എഴുതിയ മുഖപ്രസംഗം അക്ഷരാർത്ഥത്തിൽ പത്രാധിപരെ തിരിച്ചടിക്കുകയാണ് ചെയ്തത്‌. കൊട്ടാരം സേവകവൃത്തത്തിൽ സ്വദേശാഭിമാനി പത്രാധിപരെ തന്നെ നാടുകടത്തിയാലെന്താ എന്നൊരാലോചന പടർന്നു പിടിച്ചു. ഇതിനിടയിൽ എസ്. ഗോപാലചാരിക്ക് പകരം പി. രാജഗോപാലാചാരി തിരുവിതാംകൂർദിവാനായി സ്ഥാനാരോഹിതനായി. തന്റെ പത്രത്തിലൂടെ ഹാർദ്ദവമായ സ്വാഗതമാണ് രാമകൃഷ്ണപിള്ള ദിവാന് നല്‍കിയത്‌. പക്ഷെ അതിനിളക്കം തട്ടാൻ ഏറെ സമയം വേണ്ടിവന്നില്ല. തിരുവിതാംകൂറിലെ ആറാമത്തെ പ്രജാസഭാ സമ്മേളനത്തിന് ജനപ്രതിനിധികൾക്കായി താലുക്കുകൾ തോറും തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ നെയ്യാറ്റിങ്കരയിൽ നിന്നും സ്വദേശാഭിമാനി പത്രാധിപർ കെ. രാമകൃഷ്ണപിള്ള എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്‌. ശ്രീമൂലം പ്രജാസഭയിലേക്ക് അംഗങ്ങൾ ചർച്ചക്കുള്ള പ്രമേയങ്ങൾ അയച്ചുകൊടുത്തതിൽ രാമകൃഷ്ണ പിള്ള ഉന്നയിച്ച ചോദ്യങ്ങളെ നേരിടാൻ കെല്പില്ലാത്ത ദിവാൻ അതു നിരോധിക്കാനുള്ള വഴി കണ്ടെത്തി. നെയ്യാറ്റിങ്കരയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട രാമകൃഷ്ണപിള്ള ആ നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാരനല്ല എന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി. ഇത്തരമൊരു നിയമമുണ്ടാക്കി അതിനു മുൻ‌കാല പ്രാബല്യമുണ്ടാക്കുകയാണ് ചെയ്തത്.

ഇതൊക്കെ കണ്ടും കേട്ടും രാമകൃഷ്ണപിള്ള അടങ്ങിയിരുന്നില്ല. പരിഷ്കരിച്ച പ്രജാസഭാ ചട്ടങ്ങളെ പറ്റി അദ്ദേഹം കടുത്ത വിമർശനത്തോടെ തന്നെ എതിരിട്ടു. ആത്മാഭിമാനത്തിന് കോട്ടം തട്ടിയപ്പോൾ ദിവാൻ സ്വദേശാഭിമാനിയെ സംഹരിക്കുമെന്ന ദൃഢനിശ്ചയത്തിലെത്തി. ആയിരത്തിതൊള്ളായിരത്തിപത്ത് സെപ്റ്റംബർ ഇരുപത്തിയാറാം തീയതി പോലീസ് സൂപ്രണ്ട് എഫ്‌. എസ്. എസ്. ജോർജിന്റെ നേതൃത്വത്തത്തിൽ രാജകീയ വാറന്റ് പ്രകാരം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു പോലീസ് അകമ്പടിയോടെ പാളയം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തലേന്ന് അദ്ദേഹത്തിന്റെ വീട് പൂട്ടി പോലീസ് മുദ്ര വെച്ചിരുന്നു. രാമകൃഷ്ണപിള്ള ഉൾപ്പെടെയുള്ളവർ വിചാരിച്ചിരുന്നത് കേസും വിചാരണയും മറ്റുമുണ്ടാകുമെന്നായിരുന്നു. ഒരു കോടതിയിൽ താൻവിചാരണക്ക് വിധേയനാകുമെന്നു മാത്രമേ രാമകൃഷ്ണ പിള്ളയും വിചാരിച്ചിരുന്നുള്ളൂ. അങ്ങനെ വരുമ്പോൾ കോടതിയിൽ സമര്‍പ്പിക്കുന്നതിനായി തന്റെ ലേഖനങ്ങളെ സാധൂകരിക്കുന്നതിനു പ്രബലമായ രേഖകൾ അദ്ദേഹം ശേഖരിച്ചിരുന്നു. നാടുകടത്തൽതീരുമാനം അപ്രതീക്ഷിതമായിരുന്നു. അർദ്ധരാത്രിയിലായിരുന്നു നാടുകടത്തൽ. വാർത്തകൾ തമസ്കരിക്കപ്പെടുന്ന ഇക്കാലത്ത് സ്വദേശാഭിമാനിയുടെ പ്രസക്തി ഏറുകയാണ്. കാലം എത്ര കഴിഞ്ഞാലും പത്രങ്ങളും അക്ഷരങ്ങളും നിലനില്‍ക്കുന്നിടത്തോളം ജ്വലിക്കുന്ന ഒരു നക്ഷത്രമായി സ്വദേശാഭിമാനി ജനഹൃദയങ്ങളിൽ ജീവിക്കും. തീർച്ച.

മേരി ലില്ലി കവയത്രിയും പത്രപ്രവർത്തകയുമാണ്.

1 comment: