Monday, August 23, 2010

മലയാളിയുടെ മാധ്യമ അനുഭവം ഒരളവുവരെ ഏകീകൃതമായി – ഇ.പി.ഉണ്ണി

ഡൽഹിയിൽ ഇന്ത്യൻ എക്സ്പ്രസിന്റെ ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ആയ ഇ.പി. ഉണ്ണി മാധ്യമം ലേഖകൻ എ.എസ്. സുരേഷ്കുമാറിന് നൽകിയ അഭിമുഖത്തിൽ മാറിയ കേരളത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ വ്യക്തമാക്കുകയുണ്ടായി. അഭിമുഖത്തെ ആസ്പദമാക്കിയുള്ള നീണ്ട ലേഖനത്തിൽ മാധ്യമങ്ങളെ സംബന്ധിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ താഴെ കൊടുക്കുന്നു. ലേഖനം മാധ്യമം ആഴ്ചപ്പതിപ്പിൽ ഓണം പതിപ്പിൽ വായിക്കാവുന്നതാണ്.

മറുനാടന് അകൽച്ചയുടെ ആനുകൂല്യവും ഗൃഹാതുരത്വത്തിന്റെ സൌജന്യവുമൊക്കെ നഷ്ടമായിക്കഴിഞ്ഞു. മലയാളം ടി.വി ചാനലുകളും പത്രങ്ങളും ഇവിടെ കിട്ടും. സ്വീകരണമുറി അവിടെയും ഇവിടെയും ഒന്നുതന്നെ. മലയാളിയുടെ മാധ്യമ അനുഭവം ഒരളവുവരെ ഏകീകൃതമായി. പരശുരാമൻ എറിഞ്ഞ മഴുവല്ല, സാറ്റലൈറ്റിന്റെ ഫുട്‌പ്രിന്റാണ് ഭാഷയുടെ അതിരുകൾ നിർണയിക്കുന്നത്.

പ്രശ്നം മറ്റൊന്നാണ്. മാധ്യമങ്ങൾ പകരുന്ന അറിവിന്റെ ഗുണമേന്മ. ടി.വിയും പത്രവും വെച്ചു വിളമ്പുന്ന വിഭവങ്ങളിൽ എത്ര മായം ഉണ്ടെന്ന് വ്യക്തമല്ല.

ഇത്രമാത്രം പത്രങ്ങളും മുഴുസമയ വാർത്താചാനലുകളും ഉണ്ടായിട്ട്…?

ഇതൊരു മലയാളി പ്രശ്നമല്ല. പടിഞ്ഞാറൻ വികസിത സമൂഹങ്ങൾക്ക് ഒപ്പം നിൽക്കാനുള്ള മാധ്യമ സാന്നിധ്യവും കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ ആളോഹരി മാധ്യമ പീഡനം കൂടും. ഏക വ്യത്യാസം അവിടങ്ങളിൽ മുഖ്യധാരക്ക് പുറത്ത് നിൽക്കക്കള്ളി ഉണ്ട് എന്നതാണ്. ഇവിടെ അത് ചുരുങ്ങിവരുന്നു. പുസ്തകപ്രസാധന രംഗത്തും ഈ കുത്തക സ്വഭാവം ഏറിവരുന്നു.

ഏതാണ്ട് എല്ലാ പത്രങ്ങളും ഒരേ മൂശയിലാണ് അച്ചടിച്ചു വരുന്നത്. ഇതേറ്റവും ദയനീയമായി പ്രത്യക്ഷപ്പെടുന്നത് പ്രാദേശിക വാർത്തകളിലാണ്. ഇതിന് എത്രയോ പേജുകൾ നീക്കി വെക്കുന്നു. അവയിൽ മൊത്തം ഉത്സവവും പെരുന്നാളും ഒക്കെയാണ്. കലൿടർ അദ്ദേഹം തൊട്ടുള്ള ജില്ലയിലെ നിലയ വിദ്വാന്മാരെ ദിവസവും പത്രത്താളിൽ കാണാം. അവർ മാറിമാറി ഉദ്ഘാടനം ചെയ്യുന്നു, സ്വാഗതം പറയുന്നു, അനുമോദിക്കുന്നു, അനുശോചിക്കുന്നു, അനുകൂലിക്കുന്നു…പിന്നെ പഴയ കൊച്ചിശീമയിലെ ഗോമതി പത്രം തൊട്ടിങ്ങോട്ട് ശീലമാക്കിയ പതിവ് പരാതികളുടെ അവതരണം: ‘റോട്ടിൽ കല്ല്‘, ‘പാർക്കിൽ പാമ്പ്’ എന്ന മട്ടിൽ.

സകല പത്രങ്ങളുടെയും ഭാഷാ സമീപനവും ഒന്നുതന്നെ. അലസ പാരായണത്തിന് ഉതകുന്ന ഒരു സോഫ്‌റ്റ്‌വെയർ ആണ് പത്രഭാഷ. ഇത്തിരി കൂടിയ കാര്യങ്ങൾ --കഥകളി, കൂടിയാട്ടം, കർണാടക സംഗീതം ഒക്കെ –എഴുതിവെക്കുന്നത് ഒരു വ്യക്തതയും വേണ്ടാത്ത അരവണപ്പായസം പോലത്തെ ഗദ്യത്തിലാണ്. ഇതെല്ലാം കുറെ കാലമായി നിലവിലുണ്ട്. രൂക്ഷത പെരുകി ചെറുത്തു നിൽക്കാനാവാത്ത ഒരു വൈറസായി മാറി എന്നു മാത്രം. ടെലിവിഷൻ എത്രയോ ഭേദമാണ്. അതിന്റെ തത്സമയ സ്വഭാവമാണ് രക്ഷ – വാർത്തയെ വികലമാക്കുന്ന എഡിറ്റോറിയൽ വീണ്ടുവിചാരങ്ങൾക്ക് ഇടം കിട്ടാത്തതുകൊണ്ട്. വിശകലനം അച്ചടിമാധ്യമത്തിന്റെ പണിയാണ്. അത് നടക്കുന്നില്ല.

ഇത്തരമൊരു പോക്കിനിടയിൽ പൊതുബോധം, ഇടപെടലുകൾ ഒക്കെ നമുക്ക് നഷ്ടമാവുക കൂടിയാണ്…

നേരിട്ട് ഇടപെട്ടാൽ അവഗണനയും അപമാനവും തൊട്ട് അടി വരെ കിട്ടും. ഒട്ടേറെ സാമൂഹിക നേട്ടങ്ങൾ ഉണ്ടാക്കിയവരാണ് മലയാളികൾ. എന്നിട്ടും ഇന്നും ഇവിടത്തെ പൊലീസുകാർ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ ഒക്കെ ഉപയോഗിക്കുന്ന വ്യവഹാര ഭാഷ ഒരു ആധുനിക സമൂഹത്തിന് യോജിച്ചതല്ല. തരം കിട്ടിയാൽ കേൾവിക്കാരനെ കൊച്ചാക്കുന്ന ധ്വനികൾ അവരുടെ സംസാരത്തിൽ കയറിവരും. അധികാരം പഞ്ചായത്തു തലം വരെവികേന്ദ്രീകരിച്ചിട്ടും നിത്യജീവിതത്തിൽ കേരളീയന് പൂർവാധികം ശ്രേണീക്രമങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നു.എന്നും പാമ്പും കോണിയും കളിച്ചുകൊണ്ടാണ് ജനം അവരുടെ അന്തസ്സ് നിലനിർത്തുന്നത്….

സഞ്ജയനും വിജയനും വി.കെ.എന്നുമൊക്കെ ചേർന്ന എഴുത്തിന്റെയും വരയുടെയുംഹാസ്യത്തിന്റെയും നിലവാരം ഇന്ന് എവിടെ?


1943ൽ 40ആം വയസ്സിൽ സഞ്ജയൻ പോയി. വി.കെ.എൻ. രംഗത്തു വന്നത് അറുപതുകളുടെ തുടക്കത്തിൽ. വിജയൻ ഒരല്പം മുമ്പെ. ഏതാണ്ടൊരു ഇരുപതു വർഷത്തെ ഈ ഇടവേളയിൽ സഞ്ജയനെ വായിച്ചും വായിക്കാതെയും മലയാളികൾ ജീവിച്ചു. ഈ വി.കെ.എൻ-വിജയനാനന്തര കാലത്ത് ഇത്രയും കാത്തിരിക്കാതെതന്നെ ചിരിക്കാനുള്ള വഹ ഉയർന്നുവരുന്നുണ്ട്. ഇരുവർക്കും സ്മാരകങ്ങൾ. പത്രവാർത്തകളിലെ വിശദാംശങ്ങൾ വെച്ചുനോക്കിയാൽ അണമുറിയാതെ ചിരിക്കാം.

No comments:

Post a Comment