Monday, August 30, 2010

മാധ്യമങ്ങൾ: സക്കറിയയുടെ കാഴ്ചപ്പാട്

പത്രം ദ്വൈവാരികയുടെ ഓണം വിശേഷാൽ പ്രതിയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള “സക്കറിയയുടെ കാഴ്ചപ്പാടുകൾ“ എന്ന ലേഖനത്തിൽ പ്രശസ്ത കഥാകൃത്ത് വിവിധ വിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കുന്നു.

മലയാള മാധ്യമങ്ങളെക്കുറിച്ച് അദ്ദേഹം പറയുന്നു: "മലയാള മാധ്യമങ്ങൾ അവയുടെ ധർമ്മം അഞ്ചോ പത്തോ ശതമാനം മാത്രമേ നിർവ്വഹിക്കുന്നുള്ളു. രാഷ്ട്രീയപ്പാർട്ടികളേ ക്കാളേറെ ജനങ്ങളെ വഴി തെറ്റിക്കുന്നത് മാധ്യമങ്ങളാണ്. ഓരോ മാധ്യമവും സത്യം പറയുന്നുവെന്ന വ്യാജേന നുണ പറയുന്നു. അല്ലെങ്കിൽ സത്യം മറച്ചു വയ്ക്കുന്നു. രാഷ്ട്രീയപ്പാർട്ടികളെയും മതത്തെയും സംബന്ധിച്ച കാര്യങ്ങൾ എല്ലാവരും ചേർന്ന് മറച്ചു വയ്ക്കുന്നു."

Sunday, August 29, 2010

സമരകേരളത്തിന്റെ മുഖപത്രം

ആഗസ്റ്റ് 7ന് തൃശ്ശൂരിൽ നടന്ന ജനകീയസമരസംഗമത്തിൽ വെച്ച് മേധാ പട്കർ പ്രകാശനം ചെയ്ത കേരളീയം മാസികയുടെ പ്രത്യേക പതിപ്പിനെക്കുറിച്ചുള്ള ഒരു കുറിപ്പ് വായന ബ്ലോഗിൽ വായിക്കാവുന്നതാണ്.

Friday, August 27, 2010

ഏഴു മാസം പഴക്കമുള്ള ഒരു ‘വിവാദം’

ഇന്നത്തെ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിൽ ശശി തരൂർ നിലവിലുള്ള നിയമങ്ങൾ കാറ്റിൽ പരത്തി സ്വന്തം പേർ വോട്ടർ പട്ടികയിൽ എങ്ങനെ ചേർത്തു എന്ന് വിവരിക്കുന്നു. കൊച്ചി സ്വദേശിയായ ഖാലിദ് മുണ്ടപ്പിള്ളി ആർ ടി ഐ ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങൾ ആണ് വാര്ത്തയുടെ ആധാരം. തരൂർ മറ്റൊരു വിവാദത്തിലേക്ക് എന്ന് തലക്കെട്ടും.

ഇവിടെ തുടർന്നു വായിക്കാം
.

Wednesday, August 25, 2010

കൌണ്ടര്‍ മീഡിയ ലൈവ്

കൌണ്ടര്‍ മീഡിയ ഇനി പുതിയ വെബ്‌ മേല്‍വിലാസത്തിലേക്ക്. എല്ലാവര്ക്കും സ്വാഗതം.

പത്രപ്രവർത്തക യൂണിയന്റെ പത്രധർമ്മ സെമിനാർ പരമ്പര

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ “ധാര്‍മ്മിക പത്രപ്രവര്‍ത്തനം – കാഴ്ചപ്പാടും പ്രയോഗവും” എന്ന പേരില്‍ ഒരു പ്രചരണ പരിപാടി പ്രഖ്യാപിച്ചിരിക്കുന്നു.

പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (വെള്ളിയാഴ്ച) തിരുവനന്തപുരത്ത് കേസരി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിക്കും. പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയന്‍ പ്രസംഗിക്കും.

തുടര്‍ന്ന് പ്രചരണ പരിപാടിയുടെ ഭാഗമായ ആദ്യ സെമിനാര്‍ നടക്കും. വിഷയം: “പെയ്ഡ് ന്യൂസ് – മാധ്യമ ധാര്‍മ്മികതക്ക് ഭീഷണി”. മുഖ്യപ്രഭാഷകന്‍ പി.സായിനാഥ്. മറ്റ് പ്രഭാഷകര്‍: സെബാസ്റ്റ്യൻ പോള്‍, തമ്പാന്‍ തോമസ്, ജെ.പ്രഭാഷ്. അതിന് വീണ്ടും ഉദ്ഘാടനം. ഉദ്ഘാടകന്‍ ധനമന്ത്രി തോമസ് ഐസക്.

പരിപാടിയുടെ തുടര്‍ച്ചയായി കോഴിക്കോട്ടും കൊച്ചിയിലും സെമിനാറുകള്‍ ഉണ്ടാകുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്രോതസ്സില്ലാത്ത ഒരു സ്കൂപ്പിന്റെ കഥ

ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത പ്രകാരം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്‌ലിയുടെ ഇന്ത്യന്‍ കൂട്ടാളികളുടെ വിവരങ്ങള്‍ അതീവ രഹസ്യമായാണ് സൂക്ഷിച്ചിരിക്കുനത്.

മംഗളം പത്രത്തില്‍ വന്ന സ്രോതസ്സ് വെളിപ്പെടുത്താത്ത തിരുവനന്തപുരം ഡേറ്റ് ലെയിന്‍ വാര്‍ത്തയില്‍ പക്ഷെ വിശദാംശങ്ങള്‍ ഏറെയാണ്‌. കേരളത്തിലെ സാമൂഹ്യ രംഗത്തുള്ള പ്രമുഖരായ മൂന്നു പ്രവാസികളെ അത് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്നു.

വാര്‍ത്ത ഇങ്ങനെ: മുംബൈ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍മാരായ ഡേവിഡ്‌ ഹെഡ്‌ലിക്കും തഹാവൂര്‍ റാണയ്‌ക്കും ഒത്താശ ചെയ്യുകയും ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു ധനസഹായം ചെയ്യുകയും ചെയ്‌തത്‌ കേരളത്തിലെ സാമൂഹ്യ മണ്ഡലങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഉന്നതനായ പ്രവാസി മലയാളിയാണെന്ന്‌ അന്വേഷണസംഘം കണ്ടെത്തി. ഇതേത്തുടര്‍ന്ന്‌ പ്രവാസി മലയാളിയെ പിടികൂടാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഇന്റര്‍പോളിന്റെ സഹായം തേടി.
തുടര്‍ന്ന് വായിക്കുക.

Tuesday, August 24, 2010

ഒരു പത്രാധിപർക്ക് മറ്റൊരു പത്രാധിപരുടെ കത്ത്

ഒരു പത്രാധിപർ മറ്റൊരു പത്രാധിപർക്ക് അദ്ദേഹം പ്രസിദ്ധീകരിച്ച കവിതയെയൊ ലേഖനത്തെയൊ പ്രശംസിച്ചുകൊണ്ട് കത്തെഴുതുന്നത് അത്യപൂർവമാണ്. അതുകൊണ്ടുതന്നെ അങ്ങനെയൊരു സംഭവം ശ്രദ്ധിക്കപ്പെടേണ്ടതാണ്.

കത്തെഴുതിയത് സമകാലിക മലയാളം വാരികയുടെ പത്രാധിപർ എസ്. ജയചന്ദ്രൻ നായർ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വി.ടി.ജയദേവൻ എഴുതിയ ‘ഹരിത രാമായണം’ എന്ന കാവ്യത്തെ പ്രകീർത്തിച്ചുകൊണ്ട് അദ്ദേഹം എഴുതിയ കത്ത് അതിന്റെ പുതിയ ലക്കത്തിൽ.
കത്തിന്റെ പൂർണ്ണ രൂപം:

വി.ടി. ജയദേവൻ എഴുതിയ ‘ഹരിത രാമായണം’ (88:20) എന്നെ അദ്ഭുതപ്പെടുത്തി. ഏറെക്കാലത്തിനു ശേഷമാണ് ഇത്തരമൊരു കവിത വായിക്കാൻ സാധിച്ചത്. ജയദേവന് എന്റെ നന്ദി.

ആത്മീയതയുടെ ഛായ പരന്നുകിടക്കുന്ന ഈ കവിതയിലെ പല ഖണ്ഡങ്ങളും ആവർത്തിച്ചു വായിക്കാൻ പ്രേരിപ്പിക്കുക മാത്രമല്ല, ഓർമയിൽ നിറയുകയും ചെയ്യുന്നു. “ആരുടേയോ കയ്യിലെ, കുലച്ചുവെച്ച ആ വില്ലു മാത്രമാണ് താനെന്ന തിരിച്ചറിവ്…” അങ്ങനെ എത്രയെത്ര വരികൾ.

എസ്. ജയചന്ദ്രൻ നായർ
എഡിറ്റർ, സമകാലിക മലയാളം, കൊച്ചി

Monday, August 23, 2010

മലയാളിയുടെ മാധ്യമ അനുഭവം ഒരളവുവരെ ഏകീകൃതമായി – ഇ.പി.ഉണ്ണി

ഡൽഹിയിൽ ഇന്ത്യൻ എക്സ്പ്രസിന്റെ ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ആയ ഇ.പി. ഉണ്ണി മാധ്യമം ലേഖകൻ എ.എസ്. സുരേഷ്കുമാറിന് നൽകിയ അഭിമുഖത്തിൽ മാറിയ കേരളത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ വ്യക്തമാക്കുകയുണ്ടായി. അഭിമുഖത്തെ ആസ്പദമാക്കിയുള്ള നീണ്ട ലേഖനത്തിൽ മാധ്യമങ്ങളെ സംബന്ധിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ താഴെ കൊടുക്കുന്നു. ലേഖനം മാധ്യമം ആഴ്ചപ്പതിപ്പിൽ ഓണം പതിപ്പിൽ വായിക്കാവുന്നതാണ്.

മറുനാടന് അകൽച്ചയുടെ ആനുകൂല്യവും ഗൃഹാതുരത്വത്തിന്റെ സൌജന്യവുമൊക്കെ നഷ്ടമായിക്കഴിഞ്ഞു. മലയാളം ടി.വി ചാനലുകളും പത്രങ്ങളും ഇവിടെ കിട്ടും. സ്വീകരണമുറി അവിടെയും ഇവിടെയും ഒന്നുതന്നെ. മലയാളിയുടെ മാധ്യമ അനുഭവം ഒരളവുവരെ ഏകീകൃതമായി. പരശുരാമൻ എറിഞ്ഞ മഴുവല്ല, സാറ്റലൈറ്റിന്റെ ഫുട്‌പ്രിന്റാണ് ഭാഷയുടെ അതിരുകൾ നിർണയിക്കുന്നത്.

പ്രശ്നം മറ്റൊന്നാണ്. മാധ്യമങ്ങൾ പകരുന്ന അറിവിന്റെ ഗുണമേന്മ. ടി.വിയും പത്രവും വെച്ചു വിളമ്പുന്ന വിഭവങ്ങളിൽ എത്ര മായം ഉണ്ടെന്ന് വ്യക്തമല്ല.

ഇത്രമാത്രം പത്രങ്ങളും മുഴുസമയ വാർത്താചാനലുകളും ഉണ്ടായിട്ട്…?

ഇതൊരു മലയാളി പ്രശ്നമല്ല. പടിഞ്ഞാറൻ വികസിത സമൂഹങ്ങൾക്ക് ഒപ്പം നിൽക്കാനുള്ള മാധ്യമ സാന്നിധ്യവും കേരളത്തിലുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ ആളോഹരി മാധ്യമ പീഡനം കൂടും. ഏക വ്യത്യാസം അവിടങ്ങളിൽ മുഖ്യധാരക്ക് പുറത്ത് നിൽക്കക്കള്ളി ഉണ്ട് എന്നതാണ്. ഇവിടെ അത് ചുരുങ്ങിവരുന്നു. പുസ്തകപ്രസാധന രംഗത്തും ഈ കുത്തക സ്വഭാവം ഏറിവരുന്നു.

ഏതാണ്ട് എല്ലാ പത്രങ്ങളും ഒരേ മൂശയിലാണ് അച്ചടിച്ചു വരുന്നത്. ഇതേറ്റവും ദയനീയമായി പ്രത്യക്ഷപ്പെടുന്നത് പ്രാദേശിക വാർത്തകളിലാണ്. ഇതിന് എത്രയോ പേജുകൾ നീക്കി വെക്കുന്നു. അവയിൽ മൊത്തം ഉത്സവവും പെരുന്നാളും ഒക്കെയാണ്. കലൿടർ അദ്ദേഹം തൊട്ടുള്ള ജില്ലയിലെ നിലയ വിദ്വാന്മാരെ ദിവസവും പത്രത്താളിൽ കാണാം. അവർ മാറിമാറി ഉദ്ഘാടനം ചെയ്യുന്നു, സ്വാഗതം പറയുന്നു, അനുമോദിക്കുന്നു, അനുശോചിക്കുന്നു, അനുകൂലിക്കുന്നു…പിന്നെ പഴയ കൊച്ചിശീമയിലെ ഗോമതി പത്രം തൊട്ടിങ്ങോട്ട് ശീലമാക്കിയ പതിവ് പരാതികളുടെ അവതരണം: ‘റോട്ടിൽ കല്ല്‘, ‘പാർക്കിൽ പാമ്പ്’ എന്ന മട്ടിൽ.

സകല പത്രങ്ങളുടെയും ഭാഷാ സമീപനവും ഒന്നുതന്നെ. അലസ പാരായണത്തിന് ഉതകുന്ന ഒരു സോഫ്‌റ്റ്‌വെയർ ആണ് പത്രഭാഷ. ഇത്തിരി കൂടിയ കാര്യങ്ങൾ --കഥകളി, കൂടിയാട്ടം, കർണാടക സംഗീതം ഒക്കെ –എഴുതിവെക്കുന്നത് ഒരു വ്യക്തതയും വേണ്ടാത്ത അരവണപ്പായസം പോലത്തെ ഗദ്യത്തിലാണ്. ഇതെല്ലാം കുറെ കാലമായി നിലവിലുണ്ട്. രൂക്ഷത പെരുകി ചെറുത്തു നിൽക്കാനാവാത്ത ഒരു വൈറസായി മാറി എന്നു മാത്രം. ടെലിവിഷൻ എത്രയോ ഭേദമാണ്. അതിന്റെ തത്സമയ സ്വഭാവമാണ് രക്ഷ – വാർത്തയെ വികലമാക്കുന്ന എഡിറ്റോറിയൽ വീണ്ടുവിചാരങ്ങൾക്ക് ഇടം കിട്ടാത്തതുകൊണ്ട്. വിശകലനം അച്ചടിമാധ്യമത്തിന്റെ പണിയാണ്. അത് നടക്കുന്നില്ല.

ഇത്തരമൊരു പോക്കിനിടയിൽ പൊതുബോധം, ഇടപെടലുകൾ ഒക്കെ നമുക്ക് നഷ്ടമാവുക കൂടിയാണ്…

നേരിട്ട് ഇടപെട്ടാൽ അവഗണനയും അപമാനവും തൊട്ട് അടി വരെ കിട്ടും. ഒട്ടേറെ സാമൂഹിക നേട്ടങ്ങൾ ഉണ്ടാക്കിയവരാണ് മലയാളികൾ. എന്നിട്ടും ഇന്നും ഇവിടത്തെ പൊലീസുകാർ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ ഒക്കെ ഉപയോഗിക്കുന്ന വ്യവഹാര ഭാഷ ഒരു ആധുനിക സമൂഹത്തിന് യോജിച്ചതല്ല. തരം കിട്ടിയാൽ കേൾവിക്കാരനെ കൊച്ചാക്കുന്ന ധ്വനികൾ അവരുടെ സംസാരത്തിൽ കയറിവരും. അധികാരം പഞ്ചായത്തു തലം വരെവികേന്ദ്രീകരിച്ചിട്ടും നിത്യജീവിതത്തിൽ കേരളീയന് പൂർവാധികം ശ്രേണീക്രമങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നു.എന്നും പാമ്പും കോണിയും കളിച്ചുകൊണ്ടാണ് ജനം അവരുടെ അന്തസ്സ് നിലനിർത്തുന്നത്….

സഞ്ജയനും വിജയനും വി.കെ.എന്നുമൊക്കെ ചേർന്ന എഴുത്തിന്റെയും വരയുടെയുംഹാസ്യത്തിന്റെയും നിലവാരം ഇന്ന് എവിടെ?


1943ൽ 40ആം വയസ്സിൽ സഞ്ജയൻ പോയി. വി.കെ.എൻ. രംഗത്തു വന്നത് അറുപതുകളുടെ തുടക്കത്തിൽ. വിജയൻ ഒരല്പം മുമ്പെ. ഏതാണ്ടൊരു ഇരുപതു വർഷത്തെ ഈ ഇടവേളയിൽ സഞ്ജയനെ വായിച്ചും വായിക്കാതെയും മലയാളികൾ ജീവിച്ചു. ഈ വി.കെ.എൻ-വിജയനാനന്തര കാലത്ത് ഇത്രയും കാത്തിരിക്കാതെതന്നെ ചിരിക്കാനുള്ള വഹ ഉയർന്നുവരുന്നുണ്ട്. ഇരുവർക്കും സ്മാരകങ്ങൾ. പത്രവാർത്തകളിലെ വിശദാംശങ്ങൾ വെച്ചുനോക്കിയാൽ അണമുറിയാതെ ചിരിക്കാം.

Sunday, August 22, 2010

യാഥാർത്ഥ്യദർശനം അസാദ്ധ്യമായിരിക്കുന്നു: ശശി കുമാർ

സമകാലിക മലയാളം വാരികക്കുവേണ്ടി ഒ. കെ. ജോണി നടത്തിയ അഭിമുഖ സംഭാഷണത്തിൽ ഏഷ്യാനെറ്റ് ചാനലിന്റെ സ്ഥാപക ചെയർമാനായിരുന്ന ശശി കുമാർ ഇലൿട്രോണിക് മാദ്ധ്യമരംഗത്തെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങളാണ് ചുവടെ ചേർത്തിട്ടുള്ളത്. സംഭാഷണത്തിന്റെ പൂർണ്ണരൂപം ഇപ്പോൾ വിപണിയിലുള്ള വാരികയുടെ ഓണപ്പതിപ്പിൽ വായിക്കാം.


ഇടതുപക്ഷ ചാനലെന്ന് ഏഷ്യാനെറ്റിന് തുടക്കത്തിലുണ്ടായിരുന്ന ‘ദുഷ്പേര്’ ഇന്നിപ്പോൾ ഇടതുപക്ഷത്തിന്റെ സ്വന്തം ചാനലിനുപോലുമില്ല. കമ്പോള ചാനലുകളുടെ ജനപ്രിയ സംസ്കാരം തന്നെയല്ലേ അവയും പുനരുല്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്? ഈ വൈപരീത്യത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

സത്യമാണത്. സങ്കടകരവും. ഇക്കാര്യത്തിൽ ഞാനും നിരാശനാണ്. ‘കൈരളി‘യുടെ ആരംഭത്തിൽ ഞാൻ അതുമായി സഹകരിച്ചിരുന്നു. കച്ചവടലക്ഷ്യം മാത്രമുള്ള സ്വകാര്യചാനലുകളുടെ കമ്പോളസംസ്കാരത്തെ പ്രതിരോധിക്കുന്ന ഒരു ഇടതുപക്ഷ ചാനൽ എന്ന സങ്കല്പം ഇനിയും അവശേഷിക്കുകയാണ്. ജനങ്ങൾക്ക് വിനോദവും വേണം. എന്നാൽ ആ വിനോദം ബുദ്ധിശൂന്യവും സംസ്കാരത്തെ ദുഷിപ്പിക്കുന്നതുമാവരുത്. നിർഭാഗ്യവശാൽ ഈ കാഴ്ചപ്പാടുള്ള ഒരു ചാനൽ നമുക്കില്ല. ജനപ്രിയസംസ്കാരമെന്നത് ജനവിരുദ്ധമായ സംസ്കാര വ്യവസായത്തിന്റെ സൃഷ്ടിയാണ്. നമ്മൾ തന്നെ അതിന്റെ പ്രയോക്താക്കളായാൽ എന്ത് പുരോഗമനമാണുണ്ടാവുക?

‘കൈരളി’ക്ക് എന്താണ് സംഭവിച്ചതെന്ന് ഞാൻ ഇപ്പോൾ അതിലില്ലാത്തതുകൊണ്ട് അറിയില്ല. കാര്യമറിയാതെ കുറ്റം പറയുന്നതും ശരിയല്ലല്ലൊ. എന്തായാലും ഇടതുപക്ഷത്തിന് അനുകൂലമായ വാർത്തകൾ നൽകിക്കൊണ്ട് മാത്രം ‘ഇടതുപക്ഷ ചാനൽ’ എന്നവകാശപ്പെടാനാവില്ല. ഇടതുപക്ഷസംസ്കാരത്തെക്കുറിച്ചാകെയുള്ള ഒരു സമഗ്രബോധത്തോടെയുള്ള പ്രോഗ്രാമിങ് വേണം. അത് അത്ര എളുപ്പമല്ല; അസാദ്ധ്യവുമല്ല. നമുക്കൊരു കാഴ്ചപ്പാടും അതിനോട് കടപ്പാടുമുണ്ടെങ്കിൽ കുറെയൊക്കെ നല്ല കാര്യങ്ങൾ ചെയ്യാനാവും….

ദേശീയ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടെ ‘സെക്യുലർ’ സ്വഭാവമാർജ്ജിച്ച നമ്മുടെ മാദ്ധ്യമങ്ങളെല്ലാം വർഗീയതയെ പ്രീണീപ്പിക്കുകയാണിപ്പോൾ. അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള മതപുനരുദ്ധാരണ ശ്രമങ്ങൾക്കും മാദ്ധ്യമങ്ങൾ പിന്തുണ നൽകുകയാണ്. ക്രിമിനൽ കുറ്റങ്ങൾക്കു വല്ലപ്പോഴും പിടികൂടപ്പെടുമ്പോൾ മാത്രമാണ് ‘ആൾദൈവങ്ങളെ’ തള്ളിപ്പറയാൻ ഈ മാദ്ധ്യമങ്ങൾ തയ്യാറാവുന്നത്. ഇതൊരു പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണങ്ങളാണെന്ന് പറയാനാവുമോ?

അപായകരമായ ഒരു പ്രവണതയാണിത്. രാമായണവും മഹാഭാരതവും ദൂർദർശനിൽ പ്രദർശിപ്പിച്ചുകൊണ്ട് ഹിന്ദുവർഗീയതയെ ഉദ്ദീപിപ്പിക്കാൻ രാജീവ് ഗാന്ധി നടത്തിയ ശ്രമം ആ പാർട്ടിക്കുതന്നെ പിന്നീട് വിനയായി. മാദ്ധ്യമങ്ങൾ വർഗീയതയെ പിന്തുണയ്ക്കുന്ന അവസ്ഥ ഇന്ന് ഭയാനകമാംവിധം വ്യാപകമായിരിക്കുന്നു. ഓരോ മതവും സ്വന്തമായി നടത്തുന്ന ചനലുകൾ മാത്രമല്ല, ഇതര ചാനലുകളും മതത്തിന്റെ പേരിലുള്ള വിഭാഗീയത വളർത്തുവാനാണ് യത്നിക്കുന്നത്. മതപരമായ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും മാത്രമല്ല ആൾദൈവങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെല്ലാം കവിഞ്ഞു പ്രാധാന്യം നൽകുന്ന മാദ്ധ്യമങ്ങൾ അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിക്കുന്നില്ല. പണ്ട് ഇന്ദിരാ ഗാന്ധി ഒരു ചരിത്ര പേടകം കുഴിച്ചിട്ടിരുന്നു. നമ്മുടെ ചാനലുകളിലെ ഭക്തിമാർഗ്ഗ പരിപാടികളുടെയും സീരിയലുകളുടെയും ആറു മാസത്തെ വീഡിയോ ഫുട്ടേജ് ഇങ്ങനെയൊരു ചരിത്രപേടകത്തിൽ കുഴിച്ചിടുകയാണെന്ന് സങ്കല്പിക്കുക. ഒരു അൻപതു കൊല്ലമോ നൂറ്റാണ്ടോ കഴിഞ്ഞ് അത് കാണാനിടയാവുന്ന തലമുറ നമ്മളെക്കുറിച്ച് എന്താവും കരുതുക?

മദ്ധ്യകാലത്തെ ഇരുണ്ട സംസ്കാരം ഇരുപത്തിയൊന്നാം നൂറ്റാണ്ടുവരെയും നിലനിന്നുവെന്നാണ് അവർ കരുതുക. കുട്ടിച്ചാത്തൻ, കടമറ്റത്ത് കത്തനാർ, ഗുരുവായൂരപ്പൻ, സ്വാമി അയ്യപ്പൻ ഇവരൊക്കെ മലയാളികളുടെ വീരനായകന്മാർ. നായികമാരോ? കുത്സിത പ്രവർത്തനങ്ങളിലൂടെ പരസ്പരം കുതികാൽവെട്ടുന്ന ക്രൂരകളാണ് മലയാളം സീരിയലുകളിലെ സ്ത്രീകൾ. സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ശത്രുക്കളെന്നുകൂടിയാണ് ഈ സീരിയലുകൾ സ്ഥാപിക്കുന്നത്. അങ്ങനെ തീർത്തും പ്രതിലോമകരമായ ഒരു പ്രത്യയശാസ്ത്ര നിർമ്മിതിയാണ് പൊതുവെ ഈ ചാനലുകൾ നിർവഹിക്കുന്നത്. ഫ്യൂഡലിസത്തിന്റെ ‘ഹാങ്-ഓവറിൽ’ മദ്ധ്യവർഗ്ഗ മലയാളികളെ തളച്ചിടുന്നവയാണ് വേറൊരു കൂട്ടം സീരിയലുകൾ. ഇതിനിടയിലാണ് അനാവശ്യ വിവാദങ്ങൾ. എല്ലാം കൂടി ഒരു ഫാന്റസിയായി മാറിയിരിക്കുന്നു. യാഥാർത്ഥ്യദർശനം അസാദ്ധ്യമായിക്കൊണ്ടിരിക്കുന്നു.