Sunday, August 22, 2010

യാഥാർത്ഥ്യദർശനം അസാദ്ധ്യമായിരിക്കുന്നു: ശശി കുമാർ

സമകാലിക മലയാളം വാരികക്കുവേണ്ടി ഒ. കെ. ജോണി നടത്തിയ അഭിമുഖ സംഭാഷണത്തിൽ ഏഷ്യാനെറ്റ് ചാനലിന്റെ സ്ഥാപക ചെയർമാനായിരുന്ന ശശി കുമാർ ഇലൿട്രോണിക് മാദ്ധ്യമരംഗത്തെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങളാണ് ചുവടെ ചേർത്തിട്ടുള്ളത്. സംഭാഷണത്തിന്റെ പൂർണ്ണരൂപം ഇപ്പോൾ വിപണിയിലുള്ള വാരികയുടെ ഓണപ്പതിപ്പിൽ വായിക്കാം.


ഇടതുപക്ഷ ചാനലെന്ന് ഏഷ്യാനെറ്റിന് തുടക്കത്തിലുണ്ടായിരുന്ന ‘ദുഷ്പേര്’ ഇന്നിപ്പോൾ ഇടതുപക്ഷത്തിന്റെ സ്വന്തം ചാനലിനുപോലുമില്ല. കമ്പോള ചാനലുകളുടെ ജനപ്രിയ സംസ്കാരം തന്നെയല്ലേ അവയും പുനരുല്പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്? ഈ വൈപരീത്യത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

സത്യമാണത്. സങ്കടകരവും. ഇക്കാര്യത്തിൽ ഞാനും നിരാശനാണ്. ‘കൈരളി‘യുടെ ആരംഭത്തിൽ ഞാൻ അതുമായി സഹകരിച്ചിരുന്നു. കച്ചവടലക്ഷ്യം മാത്രമുള്ള സ്വകാര്യചാനലുകളുടെ കമ്പോളസംസ്കാരത്തെ പ്രതിരോധിക്കുന്ന ഒരു ഇടതുപക്ഷ ചാനൽ എന്ന സങ്കല്പം ഇനിയും അവശേഷിക്കുകയാണ്. ജനങ്ങൾക്ക് വിനോദവും വേണം. എന്നാൽ ആ വിനോദം ബുദ്ധിശൂന്യവും സംസ്കാരത്തെ ദുഷിപ്പിക്കുന്നതുമാവരുത്. നിർഭാഗ്യവശാൽ ഈ കാഴ്ചപ്പാടുള്ള ഒരു ചാനൽ നമുക്കില്ല. ജനപ്രിയസംസ്കാരമെന്നത് ജനവിരുദ്ധമായ സംസ്കാര വ്യവസായത്തിന്റെ സൃഷ്ടിയാണ്. നമ്മൾ തന്നെ അതിന്റെ പ്രയോക്താക്കളായാൽ എന്ത് പുരോഗമനമാണുണ്ടാവുക?

‘കൈരളി’ക്ക് എന്താണ് സംഭവിച്ചതെന്ന് ഞാൻ ഇപ്പോൾ അതിലില്ലാത്തതുകൊണ്ട് അറിയില്ല. കാര്യമറിയാതെ കുറ്റം പറയുന്നതും ശരിയല്ലല്ലൊ. എന്തായാലും ഇടതുപക്ഷത്തിന് അനുകൂലമായ വാർത്തകൾ നൽകിക്കൊണ്ട് മാത്രം ‘ഇടതുപക്ഷ ചാനൽ’ എന്നവകാശപ്പെടാനാവില്ല. ഇടതുപക്ഷസംസ്കാരത്തെക്കുറിച്ചാകെയുള്ള ഒരു സമഗ്രബോധത്തോടെയുള്ള പ്രോഗ്രാമിങ് വേണം. അത് അത്ര എളുപ്പമല്ല; അസാദ്ധ്യവുമല്ല. നമുക്കൊരു കാഴ്ചപ്പാടും അതിനോട് കടപ്പാടുമുണ്ടെങ്കിൽ കുറെയൊക്കെ നല്ല കാര്യങ്ങൾ ചെയ്യാനാവും….

ദേശീയ പ്രസ്ഥാനത്തിന്റെ ആവിർഭാവത്തോടെ ‘സെക്യുലർ’ സ്വഭാവമാർജ്ജിച്ച നമ്മുടെ മാദ്ധ്യമങ്ങളെല്ലാം വർഗീയതയെ പ്രീണീപ്പിക്കുകയാണിപ്പോൾ. അന്ധവിശ്വാസങ്ങൾക്കും ദുരാചാരങ്ങൾക്കും രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള മതപുനരുദ്ധാരണ ശ്രമങ്ങൾക്കും മാദ്ധ്യമങ്ങൾ പിന്തുണ നൽകുകയാണ്. ക്രിമിനൽ കുറ്റങ്ങൾക്കു വല്ലപ്പോഴും പിടികൂടപ്പെടുമ്പോൾ മാത്രമാണ് ‘ആൾദൈവങ്ങളെ’ തള്ളിപ്പറയാൻ ഈ മാദ്ധ്യമങ്ങൾ തയ്യാറാവുന്നത്. ഇതൊരു പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണങ്ങളാണെന്ന് പറയാനാവുമോ?

അപായകരമായ ഒരു പ്രവണതയാണിത്. രാമായണവും മഹാഭാരതവും ദൂർദർശനിൽ പ്രദർശിപ്പിച്ചുകൊണ്ട് ഹിന്ദുവർഗീയതയെ ഉദ്ദീപിപ്പിക്കാൻ രാജീവ് ഗാന്ധി നടത്തിയ ശ്രമം ആ പാർട്ടിക്കുതന്നെ പിന്നീട് വിനയായി. മാദ്ധ്യമങ്ങൾ വർഗീയതയെ പിന്തുണയ്ക്കുന്ന അവസ്ഥ ഇന്ന് ഭയാനകമാംവിധം വ്യാപകമായിരിക്കുന്നു. ഓരോ മതവും സ്വന്തമായി നടത്തുന്ന ചനലുകൾ മാത്രമല്ല, ഇതര ചാനലുകളും മതത്തിന്റെ പേരിലുള്ള വിഭാഗീയത വളർത്തുവാനാണ് യത്നിക്കുന്നത്. മതപരമായ ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും മാത്രമല്ല ആൾദൈവങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെല്ലാം കവിഞ്ഞു പ്രാധാന്യം നൽകുന്ന മാദ്ധ്യമങ്ങൾ അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് ആലോചിക്കുന്നില്ല. പണ്ട് ഇന്ദിരാ ഗാന്ധി ഒരു ചരിത്ര പേടകം കുഴിച്ചിട്ടിരുന്നു. നമ്മുടെ ചാനലുകളിലെ ഭക്തിമാർഗ്ഗ പരിപാടികളുടെയും സീരിയലുകളുടെയും ആറു മാസത്തെ വീഡിയോ ഫുട്ടേജ് ഇങ്ങനെയൊരു ചരിത്രപേടകത്തിൽ കുഴിച്ചിടുകയാണെന്ന് സങ്കല്പിക്കുക. ഒരു അൻപതു കൊല്ലമോ നൂറ്റാണ്ടോ കഴിഞ്ഞ് അത് കാണാനിടയാവുന്ന തലമുറ നമ്മളെക്കുറിച്ച് എന്താവും കരുതുക?

മദ്ധ്യകാലത്തെ ഇരുണ്ട സംസ്കാരം ഇരുപത്തിയൊന്നാം നൂറ്റാണ്ടുവരെയും നിലനിന്നുവെന്നാണ് അവർ കരുതുക. കുട്ടിച്ചാത്തൻ, കടമറ്റത്ത് കത്തനാർ, ഗുരുവായൂരപ്പൻ, സ്വാമി അയ്യപ്പൻ ഇവരൊക്കെ മലയാളികളുടെ വീരനായകന്മാർ. നായികമാരോ? കുത്സിത പ്രവർത്തനങ്ങളിലൂടെ പരസ്പരം കുതികാൽവെട്ടുന്ന ക്രൂരകളാണ് മലയാളം സീരിയലുകളിലെ സ്ത്രീകൾ. സ്ത്രീകൾ തന്നെയാണ് സ്ത്രീകളുടെ ശത്രുക്കളെന്നുകൂടിയാണ് ഈ സീരിയലുകൾ സ്ഥാപിക്കുന്നത്. അങ്ങനെ തീർത്തും പ്രതിലോമകരമായ ഒരു പ്രത്യയശാസ്ത്ര നിർമ്മിതിയാണ് പൊതുവെ ഈ ചാനലുകൾ നിർവഹിക്കുന്നത്. ഫ്യൂഡലിസത്തിന്റെ ‘ഹാങ്-ഓവറിൽ’ മദ്ധ്യവർഗ്ഗ മലയാളികളെ തളച്ചിടുന്നവയാണ് വേറൊരു കൂട്ടം സീരിയലുകൾ. ഇതിനിടയിലാണ് അനാവശ്യ വിവാദങ്ങൾ. എല്ലാം കൂടി ഒരു ഫാന്റസിയായി മാറിയിരിക്കുന്നു. യാഥാർത്ഥ്യദർശനം അസാദ്ധ്യമായിക്കൊണ്ടിരിക്കുന്നു.

2 comments:

  1. ദേശീയപ്രസ്ഥാനം ആര്ജ്ജിച്ച്ചതായി പറയുന്ന ആധുനികവല്‍ക്കരണവും മതേതരത്വവും ഉള്ളടക്കത്തില്‍ എന്തുമാത്രം തൊലിപ്പുറം ആണെന്നാണ്‌ വാസ്തവത്തില്‍ പരിശോധിക്കേണ്ടത്. 'മാര്‍ക്സിസവും'(ഗാന്ധിയന്‍?)നവ
    ബ്രാഹ്മന്യവാദവും തമ്മിലുള്ള ഭരണവര്‍ഗ്ഗസന്ധികള്‍ neoliberal മൂലധന താല്പ്പര്യന്ഗലുമായി പുതിയ കാലത്ത് ഉല്ഗ്രധിതം ആയിട്ടില്ലെന്ന് ആര്‍ക്കാണ് വാദിക്കാന്‍ കഴിയുക? ദളിത്‌- മുസ്ലിം ജനവിഭാഗങ്ങളും സ്ത്രീകളും മേല്‍പ്പറഞ്ഞ 'ബൂര്‍ഷ്വാ- neo ബ്രഹ്മനിക് പൌരത്വസങ്കല്‍പ്പത്തിനു വെളിയിലും പുറന്പോക്കിലും ആയിത്തീര്ന്നതില്‍ മലയാളി ഇടതു ഭാവന വഹിക്കുന്ന പങ്ക് എന്താണെന്ന് അന്വേഷിക്കെണ്ടതില്ലേ? കമ്യുണിസ്റ്റ് ബോധംപോയിട്ട് സാര്‍വദേശീയമായ അര്‍ത്ഥത്തിലുള്ള
    ആധുനികത പോലും വേണ്ടത്ര ആഴത്തില്‍ കേരളത്തെ സ്വാധീനിക്കാത്ത്തതും, അവയെ മുഖ്യധാരാ ഇടതുഭാവന നേരിട്ടോ പ്രച്ച്ചന്നമായതോ ആയ'വിദേശ
    ഭീഷണിയായി'പലപ്പോഴും ചിത്രീകരിക്കുന്നതും പരിശോധന
    അര്‍ഹിക്കുന്നു.

    ReplyDelete
  2. മുതലാളിത്ത വ്യവസ്ഥിതിയുടെ തലസ്ഥാനമായ U.S ല്‍ പോലും Amy Goodman പോലുള്ളവരുടെ കീഴില്‍ Democracy Now പോലുള്ള സമാന്തര മാധ്യമ സംരംഭങ്ങള്‍ വിജയകരമായി മുന്നേറുന്നുണ്ട്.

    B. R. P ഭാസ്കര്‍, ശശികുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാല്‍ കേരളത്തിലും ഇതൊക്കെ സാധ്യമാവും.

    ReplyDelete